എഡിറ്റോറിയൽ

Authors

  • Dr.Prince Mon Jose St Thomas College, Palai

Abstract

സമകാലികജീവിതത്തിന്റെ സങ്കീർണതകളെ കലയും സാഹിത്യവും സംസ്കാരവും എങ്ങനെയാണ് അടയാളപ്പെടുത്തുന്നതെന്ന അന്വേഷണമാണ് പാലൈയുടെ ഈ ഒക്ടോബർ ലക്കം മുന്നോട്ടു വയ്ക്കുന്നത്. വ്യത്യസ്ത വിഷയങ്ങളും സമീപനങ്ങളും സൈദ്ധാന്തിക പരിപ്രേക്ഷ്യങ്ങളും ഉൾക്കൊള്ളുന്ന ഒന്‍പതു ഗവേഷണപ്രബന്ധങ്ങൾ ഈ ലക്കത്തിന്റെ ഉള്ളടക്കത്തെ സമ്പന്നമാക്കുന്നു. സ്ത്രീയനുഭവം, ലിംഗപദവി, അധികാരം, ഹിംസ, ഭക്ഷണസംസ്കാരം, പുരുഷനോട്ടം, ഭാഷയും വ്യക്തിജീവിതവും തുടങ്ങിയ വിഷയങ്ങൾ പരസ്പരം വ്യത്യസ്തമെന്നു തോന്നുമ്പോഴും അവയെല്ലാം മനുഷ്യജീവിതത്തെയും സാമൂഹികബന്ധങ്ങളെയും സംസ്കാരത്തെയും നിർണയിക്കുന്ന ഘടകങ്ങളായി അടയാളപ്പെടുത്തപ്പെടുന്നു

ഡോ. സിബി കുര്യന്റെ പ്രബന്ധം എസ്. വി. വേണുഗോപന്‍ നായരുടെ കഥകളിലെ പുരാവൃത്തസന്നിവേശത്തെക്കുറിച്ചുള്ളതാണ്. ഡോ. ശോഭിത ജോയിയുടെ ‘സ്ത്രീയനുഭവങ്ങളുടെ രാഷ്ട്രീയവും ഒത്തുതീർപ്പുകളിലെ പ്രമേയപരിസരവും’ സ്ത്രീജീവിതത്തിന്റെ രാഷ്ട്രീയാനുഭവങ്ങളെ പരിശോധിക്കുമ്പോൾ, മാർട്ടിൻ ജോസഫിന്റെ ‘ലിംഗപദവി: സ്ത്രീപക്ഷസങ്കൽപ്പനങ്ങൾ’ ലിംഗത്തെക്കുറിച്ചുള്ള ചിന്തകളെ വിശകലനം ചെയ്യുന്നു. ഡോ. പ്രിൻസ് മോൻ ജോസിന്റെ ‘ഹിംസയുടെയും അധികാരത്തിന്റെയും നിഗൂഢസമവാക്യങ്ങൾ അബിൻ ജോസഫിന്റെ കഥകളിൽ’ എന്ന പഠനം സാഹിത്യത്തിലെ അധികാര-ഹിംസാ ബന്ധങ്ങളെ അന്വേഷിക്കുന്നു. ഡോ. ലിജാ അരവിന്ദിന്റെ ‘മലയാള സിനിമാഗാനങ്ങളിലെ ഭക്ഷണസംസ്കാരവും രുചിരാഷ്ട്രീയവും’ ജനപ്രിയസംസ്കാരത്തിന്റെ മറ്റൊരു തലത്തെ തുറന്നുകാട്ടുന്നു. ബേബി റീന എസ്. എം. സുകുമാരന്റെ *‘പാറ’*യെ ആൺനോട്ടത്തിന്റെയും പ്രതിരോധത്തിന്റെയും പശ്ചാത്തലത്തിൽ വായിക്കുന്നു. വി. രാജേഷ് മോഹൻ റാവുവിന്റെ കൊങ്കണി ഭാഷയെയും എൻ. പുരുഷോത്തമ മല്യയുടെ ജീവിതത്തെയും കേന്ദ്രീകരിച്ചുള്ള പഠനം ഭാഷയും വ്യക്തിത്വവും തമ്മിലുള്ള ബന്ധം അടയാളപ്പെടുത്തുന്നു. സോർബയും സമകാലിക മലയാള സാഹിത്യവും എന്ന വിഷയത്തെക്കുറിച്ച് ഡോ. സോണിയ ജോസും ആനന്ദഭാരത്തെക്കുറിച്ച് ലിസ്മിയ റോസ് കെ. ജോജോയും പഠനം നടത്തിയിരിക്കുന്നു.

കലയും സാഹിത്യവും സംസ്കാരവും തമ്മിലുള്ള ഈ വൈവിധ്യമാർന്ന സംവാദങ്ങൾ പുതിയ വായനകൾക്കും ഗവേഷണചിന്തകൾക്കും വഴിതുറക്കട്ടെ എന്ന പ്രതീക്ഷയോടെ പാലൈയുടെ ഈ ലക്കം സമർപ്പിക്കുന്നു.

Downloads

Published

01-10-2026

How to Cite

Dr.Prince Mon Jose. “എഡിറ്റോറിയൽ”. Palai Journal (Malayalam), vol. 3, no. 1, Oct. 2026, https://palaijournal.stcp.ac.in/ojs/index.php/pj/article/view/213.

Issue

Section

Editorial