ഹിംസയുടെയും, അധികാരത്തിന്‍റെയും നിഗൂഢസമവാക്യങ്ങൾ അബിന്‍ ജോസഫിന്‍റെ കഥകളില്‍
Himsayuteyum, adhikarathinteyum nigoodasamavakyangal abin josaphinre kathakalil
Keywords:
അധിനിവേശം, സാമ്രാജ്യത്വം, പ്രത്യയശാസ്ത്രം, സ്വത്വപ്രതിസന്ധി, രാഷ്ട്രീയഹിംസ, സാംസ്കാരിക അധിനിവേശം, ലൈംഗികത, പൈതൃകം, പ്രതിരോധം.Abstract
സമകാലിക മനുഷ്യജീവിതത്തെ നിർണയിക്കുന്ന അധികാരബന്ധങ്ങളുടെയും ഹിംസാത്മക ഇടപെടലുകളുടെയും സങ്കീർണതകൾ വ്യത്യസ്ത ആഖ്യാനതന്ത്രങ്ങളിലൂടെ അബിൻ ജോസഫിന്റെ കഥകളിൽ അവതരിപ്പിക്കപ്പെടുന്നു. ചരിത്രം, രാഷ്ട്രീയം, പ്രത്യയശാസ്ത്രം, അധിനിവേശം, കുടുംബബന്ധങ്ങൾ, പ്രണയം, ലൈംഗികത, ജനിതകവാസനകൾ, സ്വത്വപ്രതിസന്ധികൾ തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളെ കഥാകൃത്ത് തന്റെ രചനകളിൽ പരസ്പരം ബന്ധിപ്പിക്കുന്നു. അധികാരം കേവലം ഭരണകൂടത്തിന്റെയോ രാഷ്ട്രീയസ്ഥാപനങ്ങളുടെയോ മാത്രം പ്രയോഗമല്ലെന്നും വ്യക്തിബന്ധങ്ങളിലും സാമൂഹികഘടനകളിലും സാംസ്കാരികബോധത്തിലും അതിന്റെ സൂക്ഷ്മവും ഹിംസാത്മകവുമായ സാന്നിധ്യമുണ്ടെന്നും കഥകൾ വ്യക്തമാക്കുന്നു. അധികാരത്തിന്റെ ഈ ഇടപെടലുകൾ പലപ്പോഴും വ്യക്തിയുടെ സ്വാതന്ത്ര്യത്തെയും സ്വത്വത്തെയും ചരിത്രബോധത്തെയും നിർണയിക്കുന്നതായി കാണാം.
‘കല്ല്യാശ്ശേരി തീസിസ്’ എന്ന കഥയിലൂടെ ചരിത്രനിർമ്മിതിയിൽ അധികാരവും അറിവിന്റെ പ്രാമാണ്യവും വഹിക്കുന്ന പങ്കാണ് പരിശോധിക്കുന്നത്. ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുന്നതും തമസ്കരിക്കപ്പെടുന്നതുമായ വസ്തുതകൾക്കിടയിലെ വിടവ് അന്വേഷിക്കുന്ന ആഖ്യാതാവ് അധികാരത്തിന്റെ ഹിംസാത്മകമായ അറിവുനിർമ്മാണത്തെ ചോദ്യം ചെയ്യുന്നു. ‘100 മില്ലി കാവ്യജീവിതം’ എന്ന കഥയിൽ കലാസ്വപ്നവും ചൂഷണവും കുടുംബഹിംസയും ദുരന്തപരമായ മനുഷ്യാവസ്ഥയും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. ‘ഹിരോഷിമയിലെ പ്യൂപ്പ’യിൽ വംശീയഹത്യയും യുദ്ധവും സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ വ്യക്തിയുടെ ജീവിതത്തിലേക്ക് എങ്ങനെ പടർന്നുകയറുന്നു എന്നത് അവതരിപ്പിക്കുന്നു. ‘ഫ്രഞ്ച് വിപ്ലവത്തിന്റെ പ്ലാൻ’ സാംസ്കാരിക അധിനിവേശത്തിനും സാമ്രാജ്യത്വചിന്തയ്ക്കുമെതിരായ പ്രതിരോധത്തിന്റെ സാധ്യതകളെ അന്വേഷിക്കുന്നു.
അതേസമയം, ‘എന്റെ ലൈംഗികാന്വേഷണപരീക്ഷണങ്ങൾ’ പ്രണയത്തിന്റെയും ലൈംഗികാഭിലാഷത്തിന്റെയും സങ്കീർണതകളെ പുതിയൊരു ഭാവുകത്വത്തിലൂടെ അവതരിപ്പിക്കുമ്പോൾ, ‘സഹയാത്രിക’ പൈതൃകവും ജനിതകവാസനകളും കുടുംബബന്ധങ്ങളും വ്യക്തിയുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന അന്വേഷണമായി മാറുന്നു. ‘പ്രതിനായകൻ’ രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളും ചരിത്രസന്ദർഭങ്ങളും വ്യക്തിയുടെ സ്വത്വത്തിലും ജീവിതബോധത്തിലും സൃഷ്ടിക്കുന്ന സംഘർഷങ്ങളെ ആവിഷ്കരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ അബിൻ ജോസഫിന്റെ കഥകളിലെ ഹിംസ കേവലം ശാരീരിക ആക്രമണമായി ചുരുങ്ങുന്നില്ല; ചരിത്രത്തെ നിയന്ത്രിക്കുന്ന അധികാരം, സാംസ്കാരിക അധിനിവേശം, രാഷ്ട്രീയ അടിച്ചമർത്തൽ, സാമ്പത്തിക ചൂഷണം, കുടുംബബന്ധങ്ങളിലെ സംഘർഷം, വ്യക്തിയുടെ ആന്തരിക പ്രതിസന്ധി എന്നിവയിലേക്കും അത് വ്യാപിക്കുന്നു. അധികാരത്തിന്റെ രൂപാന്തരങ്ങളും അതിനെതിരായ മനുഷ്യന്റെ പ്രതിരോധവും അതോടൊപ്പം വ്യക്തിയുടെ നിസ്സഹായതയും സ്വത്വാന്വേഷണവും ആഖ്യാനം ചെയ്യുന്ന അബിൻ ജോസഫിന്റെ കഥകൾ സമകാലിക മലയാളചെറുകഥയുടെ ശ്രദ്ധേയമായ വ്യതിരിക്തതകളെ അടയാളപ്പെടുത്തുന്നു.
References
Said, Edward W. Culture and Imperialism. New York: Vintage Books, 1994.
Said, Edward W. Orientalism. New York: Vintage Books, 1978.
Bhabha, Homi K. The Location of Culture. London: Routledge, 1994.
അബിൻ ജോസഫ് ,കല്യാശ്ശേരി തീസീസ്, കോട്ടയം: ഡി.സി ബുക്ക്സ്, 2025
അച്യുതന്‍, എം, ചെറുകഥ ഇന്നലെ ഇന്ന്, കോട്ടയം: ഡി.സി ബുക്ക്സ്, 2021
അപ്പന്‍. കെ പി, ക്ഷോഭിക്കുന്നവരുടെ സുവിശേഷം, കോട്ടയം: നാഷണൽ ബുക്ക്സ്റ്റാൾ, 2021
Downloads
Published
How to Cite
Issue
Section
License
Copyright (c) 2026 Dr.Prince Mon Jose

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.