എഡിറ്റോറിയൽ

Authors

  • പ്രൊഫ. ഡോ. തോമസ് സ്കറിയ

Abstract

എഡിറ്റോറിയൽ

ഒരു ജനതയെ നിർണ്ണയിക്കുന്നത് അവരുടെ സംസ്കാരമാണ്. ദേശവും പാരമ്പര്യവും ഏതു  ഭാഷയുടെയും പ്രാഥമിക ഘടകമാണ്. അത് ചരിത്രത്തിലൂടെ നിരന്തരം രൂപീകരിക്കപ്പെടുകയാണ്. കുറെക്കൂടി ആഴത്തിൽ പറഞ്ഞാൽ നമ്മൾ ജീവിക്കുന്ന രീതിയാണ് സംസ്കാരം. നമ്മൾ ധരിക്കുന്ന വസ്ത്രങ്ങൾ, കഴിക്കുന്ന ഭക്ഷണം, സംസാരിക്കുന്ന ഭാഷകൾ, പറയുന്ന കഥകൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, ആരാധനകൾ, ആഘോഷിക്കുന്ന രീതികൾ എല്ലാം സംസ്കാരത്തിന്റെ ഭാഗമാണ്. കല, സംഗീതം, എഴുത്ത് എന്നിവയിലൂടെ നമ്മുടെ ഭാവനകൾ അവതരിപ്പിക്കുന്ന ജീവിതമാണത്. സംസ്കാരം നമ്മുടെ വേരുകൾ കൂടിയാണ്. അത് മനുഷ്യജീവിതത്തിന്റെ ആഴവും പരപ്പും പ്രകടിപ്പിക്കുന്നു. ഓരോ വ്യക്തിയും അതുല്യരായതിനാൽ, സംസ്കാരവും ബഹുമുഖമാണ്. സംസ്കാരം ജനങ്ങൾക്കു വേണ്ടി ജനങ്ങളാൽ സൃഷ്ടിക്കപ്പെട്ടതാണ്. അതൊരു ചലനാത്മക പ്രക്രിയയാണ്. അതുപോലെ സംസ്കാരപഠനം ഒരു വ്യവഹാര രൂപീകരണവുമാണ്. സമൂഹത്തിൽ മനുഷ്യർ കൈമാറ്റം ചെയ്യുന്ന അറിവിന്റെയും പെരുമാറ്റത്തിന്റെയും രൂപങ്ങൾ നൽകുന്ന ആശയങ്ങൾ, ചിത്രങ്ങൾ, സമ്പ്രദായങ്ങൾ എന്നിവയുടെ ഒരു കൂട്ടത്തെക്കുറിച്ചുള്ള പഠനമാണത്. ജനങ്ങളല്ലാതെ ആരാണ് ജനകീയ സംസ്കാരത്തെ നിർണ്ണയിക്കുന്നത്. ജനകീയ സംസ്കാരം എവിടെ നിന്ന് വരുന്നു എന്നു ചിന്തിക്കുന്നതിൽ അതുകൊണ്ടു തന്നെ അർത്ഥമില്ല. അത് ജനങ്ങളിൽ നിന്ന് തന്നെ അവരുടെ താൽപ്പര്യങ്ങളുടെയും അനുഭവരീതികളുടെയും ലോകബോധത്തിന്റെയും പ്രകടനമായി ഉയർന്നുവരുന്നുണ്ടോ, അതോ ഒരു തരം സാമൂഹിക നിയന്ത്രണമെന്ന നിലയിൽ മുകൾത്തട്ടിൽ നിന്ന് അടിച്ചേൽപ്പിക്കുന്നതാണോ? ജനകീയ സംസ്‌കാരം ‘അടിത്തട്ടിൽ നിന്നുള്ള ആളുകളിൽ നിന്ന് ഉയർന്നുവരുന്നുണ്ടോ, അതോ ‘ഉയരത്തിലുള്ള’ വരേണ്യവർഗത്തിൽ നിന്ന് താഴേക്ക് വരുന്നതാണോ, അതോ ഇരുവരും തമ്മിലുള്ള ഇടപെടലിന്റെ ഫലമാണോ? ആധുനിക കാലഘട്ടത്തിലെ ജനകീയ സംസ്കാരത്തിന്റെ സാമൂഹിക പ്രാധാന്യം, ബഹുജന സംസ്കാരം എന്ന ആശയം വഴി അത് വിനിമയം ചെയ്യാവുന്നതാണ്. സമൂഹമാധ്യമങ്ങളുടെ വരവും സംസ്കാരത്തിന്റെയും വിനോദത്തിന്റെയും വർദ്ധിച്ചുവരുന്ന വാണിജ്യവൽക്കരണവും ജനകീയ സംസ്കാരത്തെക്കുറിച്ചുള്ള സംവാദങ്ങൾക്കു കാരണമായി.

1920-കളിലും 1930-കളിലും പ്രകടമായ ബഹുജന സംസ്‌കാരം എന്ന ആശയത്തിന്റെ വളർച്ച ജനകീയ സംസ്കാരത്തെക്കുറിച്ചുള്ള പ്രമേയങ്ങളുടെയും വീക്ഷണങ്ങളുടെയും ചരിത്രപരമായ സ്രോതസ്സുകളിലൊന്നായി കാണാൻ കഴിയും. ജനകീയ സംസ്കാരത്തിന്റെ പഠനത്തിലും വിലയിരുത്തലിലും സുപ്രധാന വഴിത്തിരിവാണ് അതുളവാക്കിയത്. റേഡിയോയുടെയും സിനിമയുടെയും വരവും സംസ്‌കാരത്തിന്റെ വൻതോതിലുള്ള ഉൽപ്പാദനവും ഉപഭോഗവും ഫാസിസത്തിന്റെ ഉയർച്ചയും ചില പാശ്ചാത്യ സമൂഹങ്ങളിലെ ലിബറൽ ജനാധിപത്യത്തിന്റെ പക്വതയും, ബഹുജന സംസ്‌കാരത്തെക്കുറിച്ചുള്ള സംവാദങ്ങളുടെ നിബന്ധനകൾ നിശ്ചയിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. ജനകീയ സംസ്കാരത്തെക്കുറിച്ചുള്ള പഠനപ്രവർത്തനങ്ങളെ പുതിയ ദിശകളിലേക്ക് നയിക്കാൻ സഹായിക്കുന്നതിനുള്ള പശ്ചാത്തല സജ്ജീകരണമെന്ന നിലയിലാണ് പാലാ സെന്റ് തോമസ് ഓട്ടോേണാമസ് കോളേജിൽനിന്നു പ്രസിദ്ധീകരിക്കുന്ന 'പാലൈ റിസർച്ച് ജേണൽ' അതിന്റെ ആദ്യപതിപ്പ് സംസ്കാരപഠനത്തിനായി നീക്കിവെച്ചിരിക്കുന്നത്. ജനകീയ സംസ്കാരത്തിന്റെ ചില പ്രമുഖ സിദ്ധാന്തങ്ങളുടെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ പ്രബന്ധങ്ങൾ ഇതിലുണ്ട്. സംസ്കാരത്തെ വിമർശനാത്മകമായി വിലയിരുത്താനുള്ള ശ്രമങ്ങളുമുണ്ട്. ജനപ്രിയ സംസ്കാരത്തെക്കുറിച്ചുള്ള പഠനം വിദ്യാഭ്യാസ പാഠ്യപദ്ധതിയുടെ ഭാഗമാണ്. അതുകൊണ്ട് സംസ്കാരം വിശകലനം ചെയ്യപ്പെടേണ്ടതും വിമർശവിധേയമാകേണ്ടതുമായ ഒരു വിഷയമായി ഇവിടെ അവതരിപ്പിക്കപ്പെടുന്നു. ജനങ്ങളുടെ ജീവിതത്തെ ആധുനിക ബഹുജന മാധ്യമങ്ങൾ അവതരിപ്പിക്കുന്ന രീതി ജനകീയസംസ്കാരത്തെ എത്രത്തോളം ബാധിക്കുന്നുവെന്നതാണ് കൂടുതൽ പ്രധാനം.

Additional Files

Published

2024-10-03

Issue

Section

Articles