കേരളീയ നവോത്ഥാനവും അർണ്ണോസുപാതിരിയും
Keywords:
കേരളീയനവോത്ഥാനം, മിഷണറി ഗദ്യം, പുത്തൻപാന, ചതുരന്ത്യംAbstract
കേരളീയ നവോത്ഥാന ചരിത്രത്തിൻ്റെ നാൾവഴികളിൽ വിദേശത്തുനിന്ന് വന്ന് ഇവിടത്തെ മണ്ണിലും മനസ്സിലും വേരോടിയ പ്രതിഭകൾ കുറവാണ്. അക്കൂട്ടത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന നാമമാണ് അർണ്ണോസ് പാതിരി എന്നറിയപ്പെടുന്ന ജോഹാൻ ഏണസ്റ്റ് ഹാൻക്സിലഡൻ. പതിനെട്ടാം നൂറ്റാണ്ടിൻ്റെ പ്രാരംഭത്തിൽ ജർമ്മനിയിൽ നിന്ന് കേരളത്തിലെത്തിയ അദ്ദേഹം, ഒരു മതപ്രചാരകൻ എന്നതിലുപരി മലയാളഭാഷയുടെയും സംസ്കൃതത്തിൻ്റെയും ഉപാസകനായി മാറി. കേരളത്തിലെ സാമൂഹികവും സാംസ്കാരികവുമായ പരിവർത്തനത്തിന് അക്ഷരങ്ങളിലൂടെ അടിത്തറപാകിയ നവോത്ഥാന നായകരിൽ ഒരാളാണ് അദ്ദേഹം. മലയാള സാഹിത്യത്തിന് ക്രൈസ്തവഭക്തികാവ്യങ്ങളുടെ ഒരു പുതിയ ധാര തന്നെ അദ്ദേഹം സമ്മാനിച്ചു. സംസ്കൃതപണ്ഡിതന്മാരിൽ നിന്ന് സംസ്കൃതവും മലയാളവും ശാസ്ത്രീയമായി അഭ്യസിച്ച പാതിരി ഈ രണ്ടു ഭാഷകളെയും പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണിയായി വർദ്ധിച്ചു. "വിദേശത്തുനിന്നും കേരളത്തിൽ പാർത്തു മലയാളഭാഷ പഠിച്ച പാതിരിമാരും കേരളീയരായ മതപുരോഹിതരും ഭക്തിപ്രസ്ഥാനത്തിലേക്ക് തനതു സംഭാവനകൾ നൽകിയിട്ടുണ്ട്. അവയിൽ വച്ച് ഏറ്റവും മുന്നിൽ ഓർക്കേണ്ടത് അർണോസുപാതിരിയുടെ കൃതികളാണ്. ഭാഷകൾ പഠിച്ചുറപ്പിച്ചതിനുശേഷം തൻ്റെ കർമ്മമണ്ഡലത്തിൽ പ്രസക്തമായ ഭാഷാകൃതികളുടെ അഭാവം നികത്താൻ അദ്ദേഹം നിശ്ചയിച്ചു. മറ്റു പാതിരിമാർ ഗദ്യത്തിലാണ് മനസ്സുവച്ചത്; ഇദ്ദേഹമാകട്ടെ കവിതാഗ്രന്ഥങ്ങൾ തന്നെ രചിക്കുകയുണ്ടായി'' എന്ന എം. ലീലാവതിയുടെ നിരീക്ഷണം ശ്രദ്ധേയമാണ്. മലയാള കവിതയെ പണ്ഡിത സദസ്സുകളിൽ നിന്ന് സാധാരണക്കാരിലേക്ക് എത്തിക്കുന്നതിലും, മലയാളഭാഷയ്ക്ക് ആധുനികമായ ഒരു വ്യാകരണ ഘടന നൽകുന്നതിനും അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. കേരളീയ നവോത്ഥാനം എന്നത് കേവലം ജാതിവിരുദ്ധ പോരാട്ടങ്ങൾ മാത്രമല്ല മറിച്ച് ഭാഷയുടെയും സാഹിത്യത്തിൻ്റെയും വികാസത്തിലൂടെ ജനങ്ങളെ പിന്തിരിപ്പിക്കാൻ പ്രാപ്തരാക്കുന്ന പ്രക്രിയ കൂടിയാണെന്ന് അർണോസ് പാതിരിയുടെ ജീവിതം തെളിയിക്കുന്നു. അദ്ദേഹത്തിൻ്റെ സാമൂഹ്യ സേവനങ്ങളും സാഹിത്യ സംഭാവനകളും എന്നും കേരളീയ സമൂഹത്തിന് വഴികാട്ടിയായി നിലകൊള്ളുന്നു.
References
അർണോസ് പാതിരി ഒരു പഠനം - എഡി. ഡോ. സി. ലിസീനിയ സി.എം.സി., ഫാ. സണ്ണി ജോസ് എസ്. ജെ., അർണോസ് പാതിരി അക്കാദമി, വെലൂർ, 1995.
അർണോസ് പാതിരിയുടെ കാവ്യങ്ങൾ - ഡോ. എൻ. സാം, ഡോ. കുര്യാസ് കുമ്പളക്കുഴി, ഡോ. ഡി. ബഞ്ചമിൻ - കറൻ്റ് ബുക്സ്, തിരുവനന്തപുരം, 2002.
കേരള സംസ്കാരവും ക്രൈസ്തവ മിഷനറിമാരും - ഡോ. പോൾ മണവാളൻ ഡി.സി ബുക്സ്, കോട്ടയം, 1990.
ഭാഷാശൈലീപ്രദീപം - വടക്കുംകൂർ രാജരാജവർമ്മ.
മലയാളം കവിതാസാഹിത്യ ചരിത്രം - എം ലീലാവതി, കേരള സാഹിത്യ അക്കാദമി, തൃശൂർ, 1996.
സാഹിത്യ ചരിത്രം പ്രസ്ഥാനങ്ങളിലൂടെ - എഡി. ഡോ. കെ.എം. ജോർജ്.
മലയാളം നവോത്ഥാന ചിന്തകൾ - ഡോ. എം.എം. ബഷീർ.
Downloads
Published
How to Cite
Issue
Section
License
Copyright (c) 2026 ഡോ. രേണുക ഒ.

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.